തിരുഹൃദയത്തിന്റെ കാരുണ്യസ്പർശം
തിരുഹൃദയത്തിന്റെ കനിവുറ്റ സ്നേഹം വർഷിക്കപ്പെടുന്ന പെരിഞ്ചേരി തീർത്ഥാടനകേന്ദ്രം ദിവ്യകാരുണ്യത്തിന്റെ മിഴിവാർന്ന മുഖം കൂടുതൽ കർമ്മകാന്തിയോടെ പ്രോശോഭിതമാക്കാൻ ജീവകാരുണ്യയത്നങ്ങളുമായി പ്രവർത്തനനിരതമാകുന്നു. ഏതു മുറിവുള്ളവനും തണലേകുന്ന ഈശോയുടെ തിരുഹൃദയം കനിവിന്റെ ആകാശമാണ്. രക്ഷയുടെ സങ്കേതമാണ്. സങ്കട ഹൃദയങ്ങളിൽ സമാധാനത്തിന്റെയും, ശാന്തിയുടെയും പ്രസാദം നിറയ്ക്കാൻ കരുത്തുള്ള തിരുഹൃദയത്തിന്റെ തിരുസാന്നിധ്യം സജീവമായി അവതരിപ്പിക്കപ്പെടുന്ന ഈ പുണ്യഭൂമിയിൽ, മഹാകാരുണ്യത്തിന്റെ തലോടലായി ചതുർദാനങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രകാശിതമാകുകയാണ്. ജാതിമതഭേദമന്യേ ഹൃദയസമ്പർക്കം പുലർത്തുന്ന ഈ സംഗമഭൂമിയിൽ പരമാത്മാവും ജീവാത്മാവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കണ്ണികൾ കോർക്കുന്ന ചലനാത്മക ജീവകാരുണ്യ ചെയ്തികൾക്ക് മിഴിതുറക്കുന്ന അവതരണവേദിയായി ഈ പ്രദേശം മാറ്റപ്പെടുന്നു. കരവിരുതിന്റെയും സംഘബലത്തിന്റെയും ചുവടുപിടിച്ച് ഐക്യത്തിന്റെ കുളിർമഴ പെയ്തിറങ്ങുന്ന ഈ മണ്ണ് ഒരു അനുഗ്രഹ തീർത്ഥമായി ഭവിക്കട്ടെ. ചെറിയവരും, വലിയവരും ഒരു കുടക്കീഴിൽ അണിനിരക്കുന്ന സ്വരുമയുടെ മാന്ത്രികവിസ്മയം ഇവിടെ ദൃശ്യവൽക്കരിക്കപെടുന്നു.
വിശുദ്ധ സുവിശേഷവും, ചതുർവേദങ്ങളും, വിശുദ്ധ ഖുറാനും മനനം ചെയ്തെടുക്കുന്ന മനുഷ്യമനസ്സുകളിൽ ഉയിർക്കൊള്ളേണ്ട ദീപ്തഭാവങ്ങളാണ് ദാനങ്ങൾ. സുവിശേഷങ്ങളും, വേദങ്ങളും ഖുറാൻ സൂക്തങ്ങളും ഹൃദയത്തിൽ കാരുണ്യത്തിന്റെയും, ദാനത്തിന്റെയും ചലനാത്മക മുഹൂർത്തങ്ങൾ സൃഷ്ടിച്ചെടുക്കണം. കാലങ്ങൾക്ക് ചാരുതപകരുന്നത് മനുഷ്യനാണെങ്കിൽ കാലങ്ങളെ നിയന്ത്രിക്കുന്നവന് അഭികാമ്യമായിട്ടുള്ളത് മനുഷ്യൻ തന്നെയാണ്. മാനവസേവാ മാനവസേവ എന്ന ദർശനചുരുൾ ഈ കാലത്തിന്റെ മുഖമുദ്രയാണ്. ചതുർദാനങ്ങളിലൂടെ ഈ തത്ത്വസംഹിതക്ക് പ്രകാശം പരത്തുവാൻ ത്യാഗനിർഭരരായ മഹത് വ്യക്തികൾ കാലത്തിന്റെ വഴിവിളക്കുകളായി ഇവിടെ വിരാജിക്കുന്നു.
രക്തദാനം
2013 ഒക്ടോബർ മാസത്തിൽ ആരംഭിച്ച ഒരു മഹത്തായ യജ്ഞമാണ് രക്തദാനം. തിരുഹൃദയ മഹത്വത്തിനായി തിരുഹൃദയസന്നിധിയിൽ രക്തം ദാനമായി നൽകുന്നു. തൃശൂർ IMA യുടെ സഹായത്തോടെ ഓരോ മാസവും മാസാദ്യവെള്ളിയാഴ്ച രക്തദാനം നടത്തപ്പെടുന്നു. ആയിരത്തിഅഞ്ഞൂറിലധികം പേർ ഈ കാലയളവിൽ ഇവിടെ രക്തം നേർച്ചയായി നൽകി കഴിഞ്ഞു. ദൈവത്തിനു നേർച്ചയർപ്പിക്കാൻ കഴിയുന്നതിൽ ഏറ്റവും ശ്രേഷ്ഠവും, മനുഷ്യനു നൽകുവാൻ കഴിയുന്നതിൽ ഏറ്റവും ഉത്തമവുമായ ഈ കാരുണ്യ പ്രവൃത്തി അതിനാൽ തന്നെ മഹത്തരമാണ്. രക്തദാനം ജീവദാനമായി മാറ്റപ്പെടുന്നതും ഇക്കാരണത്താലാണ്. "എന്നാൽ പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ട് കുത്തി. ഉടനെ അതിൽ നിന്ന് രക്തവും വെള്ളവും ഒഴുകി. (യോഹ 19:34 ) എന്ന സുവിശേഷ ചിന്തക്ക് അടിസ്ഥാനമാണ് ഈ പുണ്യകർമ്മം. ഇനിയും ധാരാളം പേർ ഈ ശ്രേഷ്ഠദാനത്തിനായി കടന്നുവരുന്നു. ഈയവസരത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സദ്‌വചനം നമുക്ക് വായിച്ചെടുക്കാം. തന്റെ രക്തം കൊണ്ടു നമ്മെ രക്ഷിച്ച ക്രിസ്തുവിൽ നിന്നും രക്തദാനത്തിനുള്ള പ്രചോദനം നാം സ്വികരികണം.
ധനദാനം
പെരിഞ്ചേരിയിലെ നാനാജാതിമതസ്ഥർക്കായി ആരംഭമിട്ടിരിക്കുന്ന മറ്റൊരു സവിശേഷകർമ്മമാണിത്. 1 കോടിരൂപയിലധികം സമാഹരിച്ച്, നിക്ഷേപിച്ച് അതിൽനിന്നും ലഭിക്കുന്ന വരുമാനം കൊണ്ടും, അതതുസമയങ്ങളിൽ ലഭിക്കുന്ന തുകകൊണ്ടും, അർഹരായ നിർധനർക്ക് കൊടുക്കുന്ന സഹായ പദ്ധതിയാണിത്. വിശാലഹൃദയങ്ങളുടെ ത്യാഗത്തിന്റെ തിളക്കമാർന്ന മുഖപ്രസാദമാണ് ഇതിലൂടെ ദൃശ്യമാകുന്നത്. 2013 ഡിസംബറിൽ അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഈ പദ്ധതിയുടെ ഫണ്ട് ശേഖരണോദ്ഘാടനം നടത്തി. 2014 ജൂണിലെ മാസാദ്യവെള്ളിയാഴ്ച ധനദാനത്തിന്റെ വിതരണോദ്ഘാടനവും നടത്തുന്നു. ഒരു പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റായി രൂപീകരിച്ച ഈ പദ്ധതിക്ക് രൂപവും ഭാവവും നല്കാൻ പ്രയത്നിച്ചവർ അനേകരുണ്ട്. എളിയവരെ സഹായിക്കാൻ കല്പിച്ചരുളിയ ക്രിസ്തുവിന്റെ മൊഴികൾ അന്വർത്ഥമാക്കാനും, സുവിശേഷ വചനങ്ങൾ മാംസം ധരിപ്പിക്കുവാനും ഇത് ഉപകരിക്കട്ടെ. എളിയവരിൽ ഒരുവന് ചെയ്തുകൊടുക്കുന്ന ഏത് നന്മയും ദൈവസിംഹാസനത്തിൻ മുൻപിൽ നീതീകരിക്കപ്പെടും എന്ന ക്രിസ്തുചിന്തക്ക് ചിറക് വിടർത്തുവാൻ ഇനിയും അനേകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അന്നദാനം
മാസാദ്യവെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന സൗജന്യ ഊട്ടുസദൃക്ക് പുറമെ അഗതി ഭവനങ്ങളിലേക്ക് നൽകപ്പെടുന്ന മറ്റൊരു കാരുണ്യപ്രവാഹമാണ് അന്നദാനം. അഞ്ഞൂറുപേർക്ക് ഓരോ മാസാദ്യവെള്ളിയാഴ്ചകളിലും ഭക്ഷണം നൽകുന്നു. 2013 ഒക്ടോബറിൽ ആരംഭമിട്ട ഈ പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചുവരുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുക എന്നുള്ളത് എല്ലാ ധർമ്മസ്ഥാപങ്ങളുടെയും കടമയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണിത്. ധനവാൻ തന്റെ പണം സൂക്ഷിക്കേണ്ടത് വിശക്കുന്നവന്റെ വയറിലും, വിധവയുടെ ഭവനത്തിലും. പാവപ്പെട്ടവന്റെ മടിയിലുമാന്നെന്ന് വി. അംബ്രോസ് സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ നമ്മോട് ആഹ്വാനം ചെയുന്നതും ഈ ധ്വനി തന്നെയാണ്. വിശക്കുന്ന ഏതു ജീവിയോടും കാണിക്കേണ്ട കരുണയുടെ ഭാവമാണ് അന്നദാനം. ഈ സദുദ്യമത്തിന് ബലം പകരാൻ മഹാമനസ്കരായവർ ഇവിടേക്ക് വരുന്നു. പെരിഞ്ചേരി ഇടവകയിലെ മറ്റു സംഘടനകളും ഈ സംരംഭത്തിന് കാവൽ നിൽക്കുവാൻ കടന്നുവരുന്നു എന്നുള്ളതു ശുഭകരമായ അടയാളമാണ്.
നേത്രദാനം
അന്ധന് കാഴ്ച നൽകിയ യേശുവിന്റെ അത്ഭുതപ്രവൃത്തിക്ക് കാന്തിപകരുന്ന സുവിശേഷകർമ്മമാണ് നേത്രദാനം. ലോകത്തിന്റെ കൗതുകകരമായ കാഴ്ചകൾ കണ്ട് മണ്‍മറഞ്ഞുപോയവർ ജീവിക്കുന്നവർക്ക് നൽകുന്ന മഹത്തായ സ്നേഹത്തിന്റെ പ്രതിഫലനമാണ് നേത്രദാനം. ഇരുളിൽ കഴിയുന്നവർക്ക് പ്രകാശമായി അവതരിച്ച മിശിഹായുടെ സൂക്തങ്ങൾ ധ്യാനിക്കുന്നവർക്ക് ഈ ദാനത്തിന്റെ മഹനീയതയും സവിശേഷതയും ഉൾക്കൊള്ളാൻ കഴിയുമ്പോൾ ഈ ലോകം എത്ര പ്രകാശമുള്ളതായിരിക്കും. കണ്ണിന് കാഴ്ചയില്ലാത്തവർക്ക് സഹായമേകാൻ നിന്നിലെ വെളിച്ചം ഇരുളാകാതിരിക്കാൻ പരിശ്രമിക്കുമല്ലോ. ഈ ലോകത്തിൽ നിന്ന് വേർപെട്ടുപോകുന്നവർ മറ്റു സഹോദരങ്ങൾക്ക് വെളിച്ചമേകാൻ വിലപ്പെട്ട നേത്രങ്ങൾ നൽകി ധന്യരാകുക. പെരിഞ്ചേരി തീർത്ഥകേന്ദ്രത്തിൽ നേത്രദാനത്തിന് മിഴിവ് നൽകുന്നതിനും ഇവിടെയുള്ളവർ സന്നദ്ധരാണ്. ഈ സംരംഭം തുടങ്ങിയതിനുശേഷം കുറച്ചുപേർക്കെങ്കിലും കാഴ്ചനൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുടെ മുഖഭാവമുണ്ട്. ഈ യജ്ഞത്തിന് ധാരാളം സുമനസ്സുകൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
തിരുഹൃദയത്തിൽ അഭയം കണ്ടെത്താൻ അനേകായിരങ്ങൾ ഈ പുണ്യഭൂമിയിലേക്ക് കടന്നുവരുന്നു. മാനവർക്ക് മനശാന്തിയും, രോഗശാന്തിയും കൽപിച്ചരുളിയ കാരുണ്യവാൻ ഇന്നും ഈ തിരുവൾത്താരയിൽ നിലക്കൊള്ളുന്നു. 113-ആം തിരുഹൃദയ വാർഷികതിരുനാൾ കൊണ്ടാടുന്ന തിരുഹൃദയമുറ്റത്ത് പരിത്രിത്വത്തിന്റെ അഭിഷേകം ധാരാളമായി പെയ്തിറങ്ങുന്നു. സർവ്വശക്തനായ ദൈവം സഹിക്കുന്നവരോടുകൂടെയാണ്. അവിടന്ന് കാരുണ്യത്തിന്റെ വറ്റാത്ത ഉറവയാണ്. അവിടത്തെ തിരുഹൃദയത്തിന്റെ ആർദ്രസ്നേഹവും അനുകമ്പയും സ്വീകരിച്ച് ഈ ലോകത്തിൽ ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാം. സത്കർമ്മം ചെയ്തും, പരോപകാരം ചെയ്തും മനുഷ്യനെ വളർത്തുകയും സ്നേഹിക്കുകയും ചെയ്യാം. ഏവരേയും പെരിഞ്ചേരി തിരുഹൃദയ തീർത്ഥകേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.